Saturday, September 19, 2009

ഈദാശംസകൾ...

ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.

ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാ‍നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...


എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

Monday, September 29, 2008

അയല്‍വാസിയോടുള്ള പെരുമാറ്റം

ഓണം അവധി കഴിഞ്ഞ്‌ ഞാനും കുടുംബവും നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക്‌തിരിച്ച്‌ പോന്നു.റമളാന്‍ മാസമായതിനാല്‍ നോമ്പ്‌ നോറ്റായിരുന്നു ഞാനും ഭാര്യയും തിരിച്ചിരുന്നത്‌.സാധാരണ ഞങ്ങള്‍ ഉച്ചക്ക്‌ ശേഷമാണ്‌ നാട്ടില്‍ നിന്നും തിരിക്കാറ്‌.മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും.നോമ്പ്‌ കാലത്ത്‌ ആ സമയത്തെ യാത്ര പല അസൗകര്യങ്ങളുംഉണ്ടാക്കും എന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ യാത്ര പുറപ്പെട്ടു.ഉച്ചക്ക്‌ രണ്ട്‌ മണിയോടെ താമസസ്ഥലത്ത്‌ എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.അല്‍പം വൈകി ആണെങ്കിലും രണ്ടര മണിക്ക്‌ തന്നെ ഞങ്ങള്‍ മാനന്തവാടിയില്‍എത്തി.


ഞങ്ങളുടെ വരവും ശ്രദ്ധിച്ച്‌, അച്ചമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നഞങ്ങളുടെ അയല്‍വാസി വീടിന്റെ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവരുടെ പേരക്കുട്ടി മാളുവും എന്റെ ചെറിയ മോളും, ഞങ്ങള്‍ ഇവിടെ താമസമാക്കിയതു മുതല്‍ഉറ്റ സുഹൃത്തുക്കളായിരുന്നു.എന്റെ മോളെ പ്ലേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാളുവിനേയുംഅതേ സ്കൂളില്‍ ചേര്‍ക്കുകയുണ്ടായി.ഇപ്പോള്‍ LKG ക്ലാസ്സിലും അവര്‍ ഒരുമിച്ചാണ്‌.


രണ്ട്‌ പേരുടേയും തീറ്റയും അവിടെയോ അല്ലെങ്കില്‍ ഇവിടെയോ ആയിരിക്കും.സ്കൂള്‍ വിട്ടുവന്നാലും അവരുടെ കളിയും ഒരുമിച്ചാണ്‌.ഞങ്ങള്‍ തിരിച്ചു വന്ന ദിവസം, ഞാനും ഭാര്യയും നോമ്പ്‌ നോറ്റിരുന്നതിനാല്‍ഉച്ചഭക്ഷണമായി മക്കള്‍ക്ക്‌ മാത്രം കഞ്ഞി തയ്യാറാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.


നാട്ടില്‍ നിന്നും വന്നതിന്റെ സ്വാഭാവിക സമയം പോക്കിന്‌ ശേഷം ഭാര്യകഞ്ഞി തയ്യാറാക്കാനായി അരി ഇടുകയായിരുന്നു.അപ്പോഴാണ്‌ അച്ചമ്മ വന്ന്‌വിളിച്ചത്‌."മോളേ..." (എന്റെ ഭാര്യയെ അച്ചമ്മ അങ്ങനെയാണ്‌ വിളിക്കാറ്‌)ഭാര്യ ഉടന്‍ വാതിലിനടുത്തേക്ക്‌ പോയി.


"മക്കള്‍ക്ക്‌ ചോറ്‌ ഇവിടെയുണ്ട്‌.നിങ്ങള്‍ക്ക്‌ നോമ്പ്‌ അല്ലേ?"


നോമ്പും നോറ്റ്‌ ദീര്‍ഘ യാത്രയും കഴിഞ്ഞെത്തിയ ഞങ്ങളുടെ ബുദ്ധിമുട്ട്‌മനസ്സിലാക്കി അച്ചമ്മ നല്‍കിയ ആ സഹായം എന്നെ വളരെ ആകര്‍ഷിച്ചു.


അയല്‍വാസികള്‍ തമ്മില്‍ തമ്മില്‍ ധാരാളം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌.നല്ലഒരു അയല്‍വാസി ഉണ്ടകുന്നത്‌ വളരെ വളരെ വലിയ ഒരു അനുഗ്രഹമാണ്‌.ഒരിക്കല്‍ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍ഉടമ അതിന്‌ നല്ല വില പറയുകയുണ്ടായി.ഈ തരിശ്‌ ഭൂമിക്ക്‌ ഇത്ര വിലയോ എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു."സ്ഥലം തരിശ്‌ ആണെന്നത്‌ ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരുഅയല്‍വാസി ആ സ്ഥലത്തിനുണ്ട്‌!!!"


അതിനാല്‍ അയല്‍വാസിയോട്‌ എപ്പോഴും നന്നായി പെരുമാറുക.നിന്നെപ്പോലെനിന്റെ അയല്‍വാസിയേയും സ്നേഹിക്കുക.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍വയറ്‌ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നത്രേ നബിവചനം.

Monday, September 22, 2008

കടമകളും ബാധ്യതകളും

വയനാട്ടില്‍ ഞാന്‍ കുടുംബസമേതം താമസിക്കുന്നത്‌ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌.ഒമ്പത്‌ ഫ്ലാറ്റുകളിലായിഒമ്പത്‌ കുടുംബങ്ങളും പത്താമത്തെ ഫ്ലാറ്റില്‍ ഒരു ലോട്ടറി വില്‍പന കേന്ദ്രം നടത്തുന്നവരും താമസിക്കുന്നു.
മാസാമാസം പത്താം തീയതി ആണ്‌ കെട്ടിട വാടക പിരിക്കാന്‍ ഉടമ വരുന്നത്‌.മറ്റ്‌ അസൗകര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍എല്ലാമാസവും പത്താം തീയതി രാവിലെ തന്നെ അദ്ദേഹം, നാല്‍പത്‌ കിലോീമീറ്റര്‍ അകലെ നിന്നും എത്തും എന്ന് വാടകക്കാര്‍ക്കെല്ലാം അറിയാം.എങ്കിലും പത്ത്‌ ഫ്ലാറ്റുകളുടേയും കൂടി വാടക ഒന്നിച്ച്‌ ലഭിക്കാനുള്ള (വാങ്ങാനുള്ള) സൗഭാഗ്യം ഇതുവരെ അദ്ദേഹത്തിനുണ്ടായിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.


ഞങ്ങളുടെ തൊട്ടടുത്ത റൂമിലെ ഗൃഹനാഥനും ഗൃഹനാഥയും സര്‍ക്കാര്‍ ജീവനക്കാരാണ്‌.ഉടമ വാടക പിരിക്കാന്‍ വരുന്ന അധിക ദിവസങ്ങളിലും അവര്‍ സ്ഥലത്ത്‌ ഉണ്ടായിരിക്കുകയില്ല.ഒന്നുകില്‍ ഓഫീസില്‍ പോയിട്ടുണ്ടാകും അല്ലെങ്കില്‍ അടുത്ത്‌ തന്നെയുള്ള സ്വന്തം വീട്ടില്‍ പോയിരിക്കും.വാടക പിരിക്കാന്‍ വരുന്ന ദിവസം എന്തെങ്കിലും കാരണവശാല്‍ സ്ഥലത്ത്‌ ഇല്ല എങ്കില്‍, വാടക സംഖ്യ ഈ ക്വാര്‍ട്ടേഴ്‌സിലെ തന്നെ ആദ്യത്തെ താമസക്കാരനായ ബാലേട്ടന്റെ വീട്ടില്‍ ഏല്‍പിക്കണം എന്നാണ്‌ ഉടമയുടെ നിര്‍ദ്ദേശം.എന്നാല്‍ ഇവര്‍ ഒരിക്കലും അത്‌ പാലിക്കാറില്ല.ഫലം,ഉടമ വീണ്ടും വീണ്ടും വരികയോ അവരെ തിരഞ്ഞ്‌ അവരുടെ വീട്ടിലോ ഓഫീസിലോ പോകേണ്ട ഗതികേട്‌ വരുന്നു.


ഞങ്ങളുടെ അടുത്ത അയല്‍വാസികള്‍ ഒരു മറാത്ത കുടുംബമാണ്‌.അവിടെ സ്ഥിതി മറ്റൊന്നാണ്‌.ഉടമ അതിരാവിലെ തന്നെ വാടക വാങ്ങാന്‍ വരുന്നതാണ്‌ അവര്‍ക്ക്‌ പ്രശ്നം.രാവിലെ തന്നെ കാശ്‌ വാങ്ങാന്‍ വരുന്ന ആളെ കണി കാണേണ്ടി വരുന്നു എന്നാണ്‌ അവരുടെ പരാതി.അത്‌ അശുഭലക്ഷണമാണത്രേ.(എന്നാലും ഇവിടം വിട്ടു പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല!)


എന്റെ ഭാര്യയുടെ നിലപാട്‌ മറ്റൊന്നാണ്‌.നാം ഉപയോഗപ്പെടുത്തുന്ന സൗകര്യത്തിന്‌ നാം പ്രതിഫലംനല്‍കിയേ പറ്റൂ.എന്നായാലും വാടക നല്‍കല്‍ അവിടെ താമസിക്കുന്നവന്റെ ബാധ്യതയാണ്‌.അത്‌ നല്‍കിനമ്മുടെ ഭാഗം ക്ലിയര്‍ ചെയ്താല്‍ നമുക്ക്‌ മന:സമാധാനം ലഭിക്കും.


കയ്യില്‍ കാശ്‌ (അല്ലെങ്കില്‍ എന്തും) ഉണ്ടായിരിക്കേ മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ളത്‌ വെറുതേ നീട്ടിക്കൊണ്ടു പോകുന്നത്‌ ഭൂഷണമല്ല.അത്‌ ഒരു നല്ല സ്വഭാവവുമല്ല.നമ്മുടെ കടമകളും ബാധ്യതകളുംനാം കൃത്യമായി നിര്‍വ്വഹിക്കുക.ആ ഉടമയുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നവിഷമങ്ങള്‍ ഒരു നിമിഷം ആലോച്ചിച്ച്‌ നോക്കുക.ആര്‍ക്കും വിഷമം ഉണ്ടാക്കാത്ത രൂപത്തില്‍ഈ ഭൂമിയില്‍ കഴിഞ്ഞുപോകുവാന്‍ പരമാവധി ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.

Friday, September 12, 2008

അവസാനത്തെ ഉപദേശം

2008 ജൂണ്‍ 30. രണ്ട്‌ ദിവസത്തെ അവധിക്കായി വീട്ടില്‍ എത്തിയ ഞാന്‍ അന്ന് ഉച്ചക്ക്‌ തിരിച്ച്‌ മാനന്തവാടിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അന്ന് രാവിലെ, അനിയന്‍ പറഞ്ഞതനുസരിച്ച്‌, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത്‌ പരന്ന് കിടന്നിരുന്ന മണല്‍ സ്വയം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്കെപ്പോഴോ എന്റെ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ വന്നു.ആ കമ്പുകള്‍ അദ്ദേഹം എവിടെയൊക്കെയോ നടുകയും ചെയ്തു.


മണല്‍ കൂട്ടുന്നതിനിടയിലാണ്‌ ആ വേനലവധിക്കാലത്ത്‌ വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു മാവിന്‍ തൈ എന്റെ ഓര്‍മ്മയിലെത്തിയത്‌.ചെടികള്‍ നടാനായി മണ്ണ്‍ ഒരുക്കിയ ഒരു കവറില്‍ അപ്രതീക്ഷിതമായി മുളച്ച്‌ വന്നതായിരുന്നു ആ മാവിന്‍ തൈ.മഴ പെയ്തതിന്‌ ശേഷം കുഴിച്ചിടാമെന്ന തീരുമാനത്തില്‍ അത്‌ നാട്ടിലേക്ക്‌ കൊണ്ടുവന്നു.മഴ പെയ്ത്‌ തുടങ്ങിയിട്ടും എനിക്ക്‌ സമയം ലഭിക്കാത്തതിനാല്‍ ഇത്രയും കാലം അത്‌ കവറില്‍ തന്നെ ഇരുന്നു.


ഞാന്‍ ആ മാവിന്‍ തൈ കവറോടെ പൊക്കി കൊണ്ടു വന്നു.മണ്ണില്‍ നടാന്‍ വേണ്ടി അതിന്റെ കവര്‍ പൊട്ടിക്കുമ്പോള്‍ ബാപ്പ എന്റെ അടുത്ത്‌ എത്തി.


"എന്താ അത്‌?" ബാപ്പ ചോദിച്ചു.


"ഒരു മാവിന്‍ തൈ ആണ്‌"


"ഏത്‌ മാവാ?"


"വയനാട്ടില്‍ നിന്നുള്ളതാ....ഏതാണെന്നറിയില്ല...."


"ആ...ഏത്‌ വൃക്ഷത്തൈ നടുന്നതും 'സദഖത്തും ജാരിയ'ആണ്‌"


എന്റെ ബാപ്പ എനിക്ക്‌ തന്ന അവസാനത്തെ ഉപദേശമായിരുന്നു അത്‌.അന്ന് രാത്രി എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞു.


ഇസ്ലാം മത വിശ്വാസപ്രകാരം ഒരാളുടെ മരണത്തോടെ അയാള്‍ക്ക്‌ ഈ ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.അയാളുടെ സമ്പത്തിനേയും ബന്ധുമിത്രാദികളേയും ഉപേക്ഷിച്ച്‌ അയാള്‍ ശാശ്വതമായ ലോകത്തേക്ക്‌ യാത്രയായി.എന്നാല്‍ ഈ ലോകത്തെ സത്യവിശ്വാസിയായ മകന്റെ പ്രാര്‍ത്ഥനയുടെ ഗുണം അപ്പോഴും ആ ആത്മാവിന്‌ ലഭിച്ചു കൊണ്ടിരിക്കും.കൂടാതെ സദഖത്തും ജാരിയയില്‍ പെടുന്ന ദാനധര്‍മ്മങ്ങളും.


മറ്റുള്ളവര്‍ക്ക്‌ എന്നെന്നും ഉപകാരപ്പെടുന്ന ദാനത്തെയാണ്‌ സദഖത്തും ജാരിയ എന്ന് പറയുന്നത്‌.ഒരു വൃക്ഷത്തൈ നട്ടാല്‍ അത്‌ വളര്‍ന്ന് വലുതാകുമ്പോള്‍ പലതരം ജന്തുജാലങ്ങള്‍ അതിനെ പലവിധത്തിലും ഉപയോഗപ്പെടുത്തുന്നു.പക്ഷികള്‍ കൂട്‌ കൂട്ടാനും കായ്‌കനികള്‍ ഭക്ഷിക്കാനും ശലഭങ്ങള്‍ തേന്‍ നുകരാനും മനുഷ്യര്‍ തണല്‍ ആസ്വദിക്കാനും ആ വൃക്ഷം കാരണമാകുന്നു.ഇതിന്റെയെല്ലാം പുണ്യം ആ വൃക്ഷം നട്ട ആള്‍ക്ക്‌ മരണാനന്തരവും ലഭിച്ചുകൊണ്ടിരിക്കും.


അറിവ്‌ പകര്‍ന്ന് നല്‍കുന്നതും,ആശുപത്രിയില്‍ വീല്‍ചെയര്‍ നല്‍കുന്നതും,പൊതുവഴിയില്‍ കുടിവെള്ളവും അഭയകേന്ദ്രവും സ്ഥാപിക്കുന്നതും പള്ളിയില്‍ പാരായണത്തിനായി മുസ്‌ഹഫുകള്‍ നല്‍കുന്നതും സദഖത്തും ജാരിയയില്‍ ഉള്‍പ്പെടുന്നു.


ഈ ലോകത്തും മരണ ശേഷമുള്ള അടുത്ത ലോകത്തും ഉപകാരപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജാതിമതഭേദമന്യേ നമുക്ക്‌ പ്രയത്നിക്കാം.ചുരുങ്ങിയത്‌ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുകൊണ്ട്‌ പ്രകൃതിയോടും നമ്മുടെ സഹജീവജാലങ്ങളോടും ഉള്ള നമ്മുടെ സഹാനുകമ്പ പ്രകടിപ്പിക്കാം.

Tuesday, August 5, 2008

സാര്‍ത്ഥവാഹക സംഘം ബൂലോഗത്തിനു പുറത്തേക്കും...

ഇത്തിരിവെട്ടത്തിന്റെ യാത്രാ വിവരണ ബ്ലോഗായ സാര്‍ത്ഥവാഹക സംഘം ബ്ലോഗിന് വെളിയിലും വെളിച്ചം കണ്ടുതുടങ്ങുന്നു. മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോ ഫീച്ചറായ ഇന്‍ഫോമാധ്യമത്തിലെ ബ്ലോഗ് പരിചയം എന്ന വിഭാഗത്തിലാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത്.
ഈ പംക്തി കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍ കൂടിയായ വി.കെ ആദര്‍ശ് ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും മാധ്യമത്തിന്റെ ചില ഇന്ത്യന്‍ എഡിഷനുകളില്‍ കഴിഞ്ഞ ദിവസം തന്നെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.ഇവിടെ നിന്ന് ഇത് വായിക്കാം.

Wednesday, March 19, 2008

നബിദിനാശംസകള്‍.

അന്നും ഒരു റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആയിരുന്നു. കൃസ്തുവര്‍ഷം 571 ഏപ്രില്‍ 21 തിങ്കളാഴ്ച... കാരുണ്യവാനായ ദൈവം മനുഷ്യവംശത്തിന് ഒരു വിമോചകനെ നല്‍കിയത് ആ ദിവസമായിരുന്നു. പിന്നെ നീണ്ട അറുപത്തിമൂന്ന് വര്‍ഷത്തെ പുണ്യജീവിതം... അതില്‍ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് സൃഷ്ടിച്ച അനുപമായ വിപ്ലവം... അറുപത്തിമൂന്നാം വയസ്സില്‍ മറ്റൊരു റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഈ ലോകത്തോട് വിടപറഞ്ഞ ആ പുര്‍ണ്ണ ചന്ദ്രന്റെ ഓര്‍മ്മകളുടെ മലവെള്ള പാച്ചിലിന് മുമ്പില്‍... വിനായാന്വിതനായി...


വിയോഗത്തിന് മുമ്പ് മക്കയിലെ അറഫയില്‍ തടിച്ച് കൂടിയ പതിനായിരങ്ങളോട് അവിടുന്ന് ചോദിച്ച് വെത്രെ... “ഏകനായ ദൈവം എന്നെ ഏല്‍പ്പിച്ചത് ഞാന്‍ നിങ്ങളില്‍ എത്തിച്ചില്ലയോ...” തുടികൊട്ടുന്ന മനസ്സുമായി ആ വാക്കുകള്‍ക്ക് കാത് കൂര്‍പ്പിച്ചിരുന്ന പതിനായിരങ്ങള്‍ ഒന്നിച്ച് പറഞ്ഞു... “അതെ പ്രവാചകരെ... അങ്ങ അത് ഞങ്ങളില്‍ എത്തിച്ചിരിക്കുന്നു.” ആകാശത്തേക്ക് കണ്ണുയര്‍ത്തി അവിടുന്ന് കൂട്ടിച്ചേര്‍ത്തു... “അല്ലാഹുവേ നീ ഇതിന് സാക്ഷി... അല്ലാഹുവേ നീ ഇതിന് സാക്ഷി... അല്ലാഹുവേ നീ ഇതിന് സാക്ഷി...” ആ മഹാസാക്ഷ്യത്തിന്റെ പിന്‍തലമുറ ആ കടപ്പാടിന്റെ മുമ്പില്‍ സ്നേഹപൂക്കളുമായി ... മനസ്സൊരുങ്ങുന്ന ഈ ദിനത്തില്‍


എല്ലാ ബ്ലോഗേഴ്സിനും എന്റെ സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍..

Thursday, October 11, 2007

ഈദ് ആശംസകള്‍.

ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.

ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാ‍നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...


എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.